തൃശ്ശൂർ റെയിൽവേ പാസ്സഞ്ചേഴ്‌സ് അസ്സോസിയേഷനിൽ ആദ്യകാലം മുതൽ തന്നെ സജീവാംഗവും പിന്നീട് മാർഗ്ഗദർശിയും രക്ഷാധികാരിയുമായിരുന്ന പ്രൊഫ.എം. മാധവൻകുട്ടിയുടെ നിര്യാണത്തിൽ അസ്സോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. 1980കളുടെ തുടക്കത്തിൽ വരുമാനക്കുറവിന്റെ പേരിൽ പൂങ്കുന്നം സ്റ്റേഷൻ നിർത്തലാക്കുവാൻ റെയിൽവേ ആലോചിച്ച അവസരത്തിൽ, തൃശ്ശൂർ സന്ദർശിച്ച ദക്ഷിണ റെയിൽവേ ജനറൽ മാനേജരുമായി സ്ഥിരം യാത്രികരും പാസ്സഞ്ചേഴ്‌സ് അസ്സോസിയേഷൻ പ്രധിനിധികളുമായ പ്രൊഫ.എം. മാധവൻകുട്ടി, ജി.ഡി.രാമസ്വാമി, പ്രസിഡന്റ് ഡി.അനന്തസുബ്രമണ്യൻ, മുൻസിപ്പൽ ചെയർമാൻ പ്രൊഫ.എൻ.ഡി.ജോർജ്, മുൻ കേരള ധനകാര്യമന്ത്രി പ്രൊഫ.എൻ.കെ.ശേഷൻ എന്നിവർ നടത്തിയ ചർച്ചയെ തുടർന്നാണ് ഇന്നത്തെ ചെന്നൈ - ആലപ്പുഴ എക്സ്പ്രസ്സിന് പരീക്ഷണാടിസ്ഥാനത്തിൽ ആറുമാസത്തേയ്ക്ക് പൂങ്കുന്നത്ത് സ്റ്റോപ്പ് അനുവദിച്ചത്. പിന്നീട് ഏതാനും വർഷങ്ങൾക്കുശേഷം പ്രസ്തുത സ്റ്റോപ്പ് പിൻവലിയ്ക്കുവാൻ തീരുമാനിച്ചപ്പോൾ അതിനെതിരെ ഉയർന്നുവന്ന സമരത്തിന് ധീരമായ നേതൃത്വം നൽകുവാനും രാഷ്ട്രീയ സമ്മർദ്ദം ഉയർത്തിക്കൊണ്ടുവന്ന് സമരത്തെ വിജയത്തിലെത്തിയ്ക്കുവാനും മാധവൻകുട്ടി മാഷ് എന്നും മുന്നിലുണ്ടായിരുന്നു. പൂങ്കുന്നം റെയിൽവേ സ്റ്റേഷനെ ഇന്നത്തെ നിലവാരത്തിലെത്തിയ്ക്കുന്നതിന് അദ്ദേഹം വഹിച്ച പങ്ക് നിസ്തുലമാണ്. ജോലി സംബന്ധമായി മൂന്ന് പതിറ്റാണ്ടിലധികം തൃശ്ശൂർ - ആലുവ മേഖലയിലെ സ്ഥിരം തീവണ്ടി യാത്രികനായിരുന്ന പ്രൊഫ.എം. മാധവൻകുട്ടിയ്‌ക്ക് അസ്സോസിയേഷൻ അംഗങ്ങൾ വീട്ടിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചു.
(Thrissivaperoor Express dt 28-11-2020)
No comments:
Post a Comment