Sunday, 3 May 2015

പകല്‍ സ്ലീപ്പര്‍ യാത്ര; പോക്കറ്റ് കാലിയാവും

പകല്‍സമയങ്ങളില്‍ സ്ലീപ്പര്‍ ക്ലാസില്‍ യാത്ര ചെയ്യുന്നതിനുള്ള നിരക്ക് റെയില്‍വെ കുത്തനെ കൂട്ടിയത് ഹ്രസ്വദൂര യാത്രക്കാരുടെ പോക്കറ്റ് കാലിയാക്കും. മിനിമം ചാര്‍ജായിരുന്ന 45 രൂപയ്ക്ക് മുമ്പ് യാത്ര ചെയ്തിരുന്നിടത്തേക്ക് ഡി റിസര്‍വ്ഡ് കോച്ചുകളില്ലാത്ത സൂപ്പര്‍ഫാസ്റ്റ് തീവണ്ടികളില്‍ യാത്രചെയ്യുമ്പോള്‍ നിരക്ക് നാലിരട്ടിയോളം കൂടും. എക്‌സ്പ്രസ് വണ്ടികളിലാണെങ്കില്‍ ഇത് മൂന്നിരട്ടിയിലധികമാണ്.
സ്ലീപ്പര്‍ ക്ലാസില്‍ 200 കിലോമീറ്റര്‍ യാത്രചെയ്യുന്നതിന്‍റെ കുറഞ്ഞ നിരക്ക് മെയ് ഒന്നുമുതല്‍ 120 രൂപയാക്കി ഉയര്‍ത്തിയതോടെയാണിത്. ഇതിനുപുറമെ റിസര്‍വേഷന്‍ ചാര്‍ജായ 20 രൂപയും സൂപ്പര്‍ ഫാസ്റ്റ് വണ്ടിയാണെങ്കില്‍ 30 രൂപ വേറെയും നല്‍കണം.
45 രൂപ മിനിമം ചാര്‍ജിന് 25 കിലോമീറ്റര്‍ വരെ യാത്ര ചെയ്യാം. ഡീറിസര്‍വ്ഡ് കോച്ചുകളില്‍ ഈ നിരക്കില്‍ തുടര്‍ന്നും യാത്രചെയ്യാമെന്ന് റെയില്‍വേ അധികൃതര്‍ വിശദീകരിക്കുന്നു. എന്നാല്‍ ഡീറിസര്‍വ്ഡ് കോച്ചുകളില്ലാത്ത വണ്ടികളില്‍ റിസര്‍വ്ഡ് കോച്ചുകളില്‍ യാത്ര ചെയ്താല്‍ 140 രൂപ നല്‍കണം. 45 രൂപയുടെ ടിക്കറ്റെടുത്ത് ഡീറിസര്‍വ്ഡ് കോച്ചുകളില്‍ കയറാതെ റിസര്‍വ്ഡ് കോച്ചുകളില്‍ കയറിയാല്‍ യാത്ര തുടരണമെങ്കില്‍ വ്യത്യാസമായ 95 രൂപ ടി.ടി.ഇയ്ക്ക് നല്‍കി രശീതി വാങ്ങേണ്ടി വരും.
കേരളത്തിലും തമിഴ്‌നാട്ടിലും മാത്രം
കേരളത്തിലും തമിഴ്‌നാടിന്റെ കേരളത്തോട് ചേര്‍ന്ന് കിടക്കുന്ന വളരെക്കുറച്ച് സ്ഥലങ്ങളിലും മാത്രമാണ് പകല്‍ സമയത്തെ സ്ലീപ്പര്‍ ക്ലാസ് യാത്രയും ഡിറിസര്‍വ്ഡ് കോച്ചുകളും അനുവദിച്ചിട്ടുള്ളത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് രണ്ടാം ക്ലാസ് സ്ലീപ്പര്‍ എന്ന വിഭാഗം സ്ലീപ്പര്‍ ക്ലാസാക്കി മാറ്റിയപ്പോള്‍ സംസ്ഥാനത്തുണ്ടായ പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും കോടതി ഇടപെടലുകളും കാരണമാണ് ഈ പ്രാദേശിക ഇളവുകള്‍ അനുവദിച്ചത്.
ഇതില്‍ ചില ആനുകൂല്യങ്ങളാണ് റെയില്‍വെ ഇപ്പോള്‍ പിന്‍വലിച്ചത്. യാത്രക്കാരുടെ പോക്കറ്റ് ചോരുന്നതിനു പുറമെ പുതിയ തീരുമാനം റെയില്‍വേയ്ക്ക് വരുമാന നഷ്ടമുണ്ടാക്കുമെന്നും ആശങ്കയുണ്ട്. സ്ലീപ്പര്‍ ടിക്കറ്റെടുത്ത് നിന്നുപോലും യാത്ര ചെയ്യാന്‍ തയ്യാറാകുന്നവരെ വിലക്കുമ്പോള്‍ ഈ അധിക വരുമാനം ഇല്ലാതെയാവും. ഇപ്പോള്‍ കൃത്യമായി പറയാനാവില്ലെങ്കിലും ഒരു മാസം കഴിയുമ്പോള്‍ ഇതില്‍ വ്യക്തതവരും. 
പാസഞ്ചറുകളും മെമുവും ഇന്റര്‍സിറ്റിയും
ഇതര സംസ്ഥാനങ്ങളില്‍ ഹ്രസ്വദൂര യാത്രക്കാര്‍ക്കായി പ്രധാന നഗരങ്ങളെയും നഗരപ്രാന്തങ്ങളെയും കോര്‍ത്തിണക്കി നിരവധി സബര്‍ബന്‍, മെമു, പാസഞ്ചര്‍, ഇന്റര്‍സിറ്റി ട്രെയിനുകളുണ്ടെങ്കില്‍ കേരളത്തില്‍ ഇവ തുലോം കുറവാണ്. ദീര്‍ഘദൂര വണ്ടികളാണ് ഇവിടെ കൂടുതല്‍. നിലവില്‍ തൃശ്ശൂര്‍ വഴി കടന്നുപോകുന്ന 80 ജോഡി തീവണ്ടികളില്‍ ആറ് ജോഡി ഇന്റര്‍സിറ്റി എക്‌സ്പ്രസുകളും പത്ത് ജോഡി പാസഞ്ചറുകളും മാത്രമേയുള്ളു.
പാലക്കാട്, എറണാകുളം ഭാഗത്തേക്ക് മെമു സര്‍വീസുമുണ്ട്. ദീര്‍ഘദൂര വണ്ടികളില്‍ പരമാവധി മൂന്നോ നാലോ ജനറല്‍ കോച്ചുകള്‍ മാത്രമേ ഉണ്ടാവൂ. ഇവയില്‍ ഉള്‍ക്കൊള്ളാനാവാത്തവിധം ഹ്രസ്വദൂര യാത്രക്കാരുടെ എണ്ണം വളരെ കൂടുതലാണ്. അതിനാലാണ് ഹ്രസ്വദൂര യാത്രക്കാര്‍ക്ക് സ്ലീപ്പര്‍ ക്ലാസ്സിനെ ആശ്രയിക്കേണ്ടതായി വരുന്നത്.
കേരളം രാജ്യത്തിന്റെ തെക്കേയറ്റത്തായതിനാല്‍ നിരവധി ദീര്‍ഘദൂര വണ്ടികള്‍ ഇവിടെനിന്ന് യാത്രയാരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്നുണ്ട്. കാസര്‍കോടിനും പാലക്കാടിനും തിരുവനന്തപുരത്തിനുമിടയില്‍ വിവിധ സ്റ്റേഷനുകളില്‍നിന്നാണ് ദീര്‍ഘദൂര യാത്രക്കാര്‍ കയറുകയും ഇറങ്ങുകയും ചെയ്യുന്നത്. അതിനാലാണ് കേരളത്തില്‍ ദീര്‍ഘദൂര വണ്ടികളില്‍ സീറ്റുകള്‍ ഒഴിവുണ്ടാകുന്നത്.
പരാതികളും വിനയായി
ഹ്രസ്വദൂര യാത്രക്കാരുടെ എണ്ണത്തിലുണ്ടായ പെരുപ്പവും ദീര്‍ഘദൂര യാത്രക്കാരുടെ പരാതിയും സ്ലീപ്പര്‍ക്ലാസ് യാത്രാ ആനുകൂല്യങ്ങള്‍ പിന്‍വലിക്കാന്‍ കാരണമായി. മാസങ്ങള്‍ക്കുമുമ്പ് റിസര്‍വ് ചെയ്ത് മുംബൈയില്‍ നിന്നും ന്യൂഡല്‍ഹിയില്‍നിന്നും മറ്റും എത്തുന്ന യാത്രക്കാരുടെ സീറ്റ് അവര്‍ ഭക്ഷണം വാങ്ങാനോ മറ്റോ പുറത്തേക്ക് പോകുമ്പോള്‍ ഹ്രസ്വദൂര യാത്രക്കാര്‍ കൈയടക്കുന്നത് തീവണ്ടികളില്‍ പലപ്പോഴും കശപിശയ്ക്ക് കാരണമാകാറുണ്ട്.
അതേപോലെ കാലിസീറ്റുകളില്‍ യാത്രചെയ്യുന്ന ഹ്രസ്വദൂര യാത്രക്കാര്‍ റിസര്‍വ് ചെയ്ത യാത്രക്കാരെത്തുമ്പോള്‍ സീറ്റ് ഒഴിഞ്ഞുകൊടുക്കാത്തതും പരാതിക്കിടയാക്കിയിരുന്നു. സീറ്റില്ലെങ്കില്‍ റെയില്‍വെ എന്തിനാണ് ടിക്കറ്റ് നല്‍കിയതെന്നായിരുന്നു പ്രശ്‌നത്തില്‍ ഇടപെടുന്ന ടി.ടി.ഇ.മാരോടുള്ള യാത്രക്കാരുടെ ചോദ്യം. 
ഡീറിസര്‍വ്ഡ് കോച്ചുകളുമില്ല
തൃശ്ശൂര്‍ വഴി കടന്നുപോകുന്ന ദീര്‍ഘദൂര വണ്ടികളില്‍ ഇവിടെനിന്ന് എറണാകുളം, ഷൊറണൂര്‍ ഭാഗങ്ങളിലേക്ക് ഡീറിസര്‍വ്ഡ് കോച്ചുകള്‍ ഇല്ലെന്നുതന്നെ പറയാം. അതിനാല്‍ ഈ വണ്ടികളിലേക്ക് ഇവിടെനിന്ന് ടിക്കറ്റും നല്‍കാനാവില്ല. ഫലത്തില്‍ ഉയര്‍ന്ന തുക നല്‍കി സ്ലീപ്പര്‍ ടിക്കറ്റെടുക്കേണ്ടിവരും. പാലക്കാട്, കോയമ്പത്തൂര്‍, ചെന്നൈ ഭാഗത്തേക്ക് ഏതാനും വണ്ടികളില്‍ ഡീറിസര്‍വ്ഡ് കോച്ചുകളുണ്ട്.
ഹ്രസ്വദൂരക്കാരും യാത്രക്കാരാണ്
ദീര്‍ഘദൂര യാത്രക്കാര്‍ക്ക് അര്‍ഹമായ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന് ആരും എതിരല്ലെങ്കിലും ഹ്രസ്വദൂര യാത്രക്കാരും പരിഗണന അര്‍ഹിക്കുന്നുണ്ട്. നിലവിലുള്ള യാത്രാ സൗകര്യം നിഷേധിക്കുന്നതിനുമുമ്പ് ഹ്രസ്വദൂര യാത്രക്കാര്‍ക്ക് ബദല്‍ യാത്രാസൗകര്യം നല്‍കുവാന്‍ റെയില്‍വെയ്ക്ക് ബാധ്യതയുണ്ടെന്ന് തൃശ്ശൂര്‍ റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പി. കൃഷ്ണകുമാര്‍ ഓര്‍മ്മിപ്പിച്ചു. റെയില്‍വേയ്ക്ക് വരുമാനനഷ്!ടമുണ്ടാക്കാത്തതും ദീര്‍ഘദൂര, ഹ്രസ്വദൂര യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുകളുണ്ടാക്കാതെയുമുള്ള നടപടികളാണ് അഭികാമ്യം. ഇപ്പോഴത്തെ തീരുമാനം ആ ദിശയിലുള്ളതല്ല. എല്ലാവര്‍ക്കും സ്വീകര്യമായ നടപടികള്‍ റെയില്‍വെ ആവിഷ്‌കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പരിഹാരമുണ്ട്
ഹ്രസ്വദൂര യാത്രക്കാര്‍ക്ക് കൂടുതല്‍ യാത്രാ സൗകര്യമേര്‍പ്പെടുത്തി റെയില്‍വേയ്ക്ക് പരിഹരിക്കാവുന്നതേയുള്ളു ഈ പ്രശ്‌നം.
*നിലവിലുള്ള ഇന്റര്‍സിറ്റി എക്‌സ്പ്രസുകളിലും പാസഞ്ചറുകളിലും കൂടുതല്‍ ബോഗികള്‍ ഏര്‍പ്പെടുത്താം.
*ആവശ്യമായ മേഖലകളില്‍ കൂടുതല്‍ ഹ്രസ്വദൂര വണ്ടികള്‍ ഓടിക്കാം. പ്രത്യേകിച്ച് രാവിലെയും വൈകിട്ടും തിരക്കേറിയ സമയങ്ങളില്‍.
* കൂടുതല്‍ മെമു, സബര്‍ബന്‍ സര്‍വീസുകള്‍ തുടങ്ങാം.
* ദീര്‍ഘദൂര വണ്ടികളില്‍ കൂടുതല്‍ ജനറല്‍ കോച്ചുകള്‍ ഉള്‍പ്പെടുത്താം
* ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടില്ലാത്ത വിധത്തില്‍ കൂടുതല്‍ ഡീറിസര്‍വ്ഡ് കോച്ചുകള്‍ അനുവദിക്കാം.
ദുരിതം പകല്‍യാത്രക്കാര്‍ക്ക്
എം. രാമചന്ദ്രന്‍ നായര്‍ കോതമംഗലം)

റെയില്‍വേയുടെ പുതിയ തീരുമാനം പകല്‍ സമയം തീവണ്ടി യാത്ര ചെയ്യുന്നവര്‍ക്ക് ഏറെ പ്രയാസമുണ്ടാക്കും.
ദീര്‍ഘദൂര യാത്രക്കാര്‍ക്ക് പ്രയാസമാകാത്ത വിധത്തില്‍ നിലവിലുണ്ടായിരുന്ന രീതി തുടരണം. റെയില്‍വേയ്ക്ക കൂടുതല്‍ വരുമാനം ലഭിക്കാനും ഇത് സഹായിക്കും.



നിരക്ക് കൂട്ടിയത്  ക്രൂരതയായി

പി. പ്രകാശ്(കണ്ണൂര്‍)

സ്ഥിരമായി സ്ലീപ്പര്‍ കോച്ചുകളില്‍ ഹ്രസ്വദൂര യാത്ര ചെയ്യുന്നവരോടുള്ള ക്രൂരതയാണ് റെയില്‍വെയുടെ നടപടി. നിരവധി യാത്രക്കാര്‍ ഈ സൗകര്യം പ്രയോജനപ്പെടുത്തിയിരുന്നു. റെയില്‍വേയ്ക്ക് ഇതില്‍ ലാഭമില്ലെന്ന് പറയുന്നത് ശരിയല്ല.
ഹ്രസ്വദൂര യാത്രക്കാര്‍ക്ക്  പണനഷ്ടം
ദേവിക കൃഷ്ണകുമാര്‍(വടക്കാഞ്ചേരി)

ഹ്രസ്വദൂര യാത്രക്കാരെ പ്രസായത്തിലാക്കുന്നതാണ് റെയില്‍വേയുടെ പുതിയ നടപടി. സ്ലീപ്പര്‍ ക്ലാസില്‍ ഉയര്‍ന്ന ടിക്കറ്റ് നിരക്കായതോടെ പതിവായി യാത്ര ചെയ്യുന്നവരുടെ പോക്കറ്റ് കാലിയാവും. നിലവിലുണ്ടായിരുന്ന രീതി തുടര്‍ന്നാല്‍ യാത്രക്കാര്‍ക്ക് പ്രയോജനപ്രദമാകും.


(Mathrubhumi Nagaram dt 4-5-2015)

No comments:

Post a Comment