Wednesday, 11 December 2013

തുരന്തോ എക്‌സ്പ്രസ്സുകള്‍; കൂടുതല്‍ സ്റ്റോപ്പുകളുമായി സൂപ്പര്‍ഫാസ്റ്റാകുന്നു

മുംബൈ: റെയില്‍വേ മന്ത്രിയായിരുന്ന കാലത്ത് മമതാ ബാനര്‍ജി സ്വന്തം പദ്ധതിയായി പ്രഖ്യാപിച്ച തുരന്തോ എക്‌സ്പ്രസ്സുകളെ റെയില്‍വേ ഒഴിവാക്കുന്നു. മിക്ക തുരന്തോ എക്‌സ്പ്രസ്സുകളും സീസണല്ലാത്ത സമയത്ത് ആവശ്യത്തിന് യാത്രക്കാരില്ലാതെയാണ് ഓടുന്നതെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇവയ്ക്ക് കൂടുതല്‍ സ്റ്റോപ്പ് നല്‍കി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്സുകളാക്കാനാണ് റെയില്‍വേയുടെ പരിപാടി. ഇതിന്റെ ആദ്യപടിയായി അഞ്ച് വണ്ടികള്‍ ഈരീതിയില്‍ റെയില്‍വേ മാനേജ്‌മെന്‍റ് മാറ്റിക്കഴിഞ്ഞു. സൂപ്പര്‍ഫാസ്റ്റ്, ശതാബ്ദി, ജനശതാബ്ദി എക്‌സ്പ്രസ്സുകളായാണ് ഇവ ഇപ്പോള്‍ ഓടിക്കൊണ്ടിരിക്കുന്നത്. ഈരീതിയില്‍ കൂടുതല്‍ തുരന്തോകള്‍ വഴിമാറുമെന്നാണ് റെയില്‍വേ ഉന്നതോദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്. 
സംസ്ഥാന തലസ്ഥാനങ്ങളെയും മെട്രോ നഗരങ്ങളെയും ബന്ധിപ്പിക്കുന്ന വണ്ടിയാണ് തുരന്തോ എക്‌സ്പ്രസ്സുകള്‍. ഇടയ്‌ക്കൊന്നും സ്റ്റോപ്പുകളില്ല എന്നതാണ് തുരന്തോവിനെ മറ്റ് വണ്ടികളില്‍നിന്ന് വ്യത്യസ്തമാക്കുന്നത്. കുറഞ്ഞനിരക്കില്‍ കൂടുതല്‍ വേഗത്തില്‍ യാത്ര എന്ന ഉദ്ദേശ്യത്തിലാണ് മമതാ ബാനര്‍ജി 2009-10ലെ റെയില്‍വേ ബജറ്റില്‍ തുരുന്തോ എക്‌സ്പ്രസ്സുകള്‍ പ്രഖ്യാപിച്ചത്. മമതയുടെ തന്നെ ഒരു പെയിന്‍റിങ്ങാണ് ഈ വണ്ടിയുടെ പുറത്ത് പതിപ്പിച്ചിരിക്കുന്നതും. 
മമതയും അവര്‍ക്കുശേഷം വന്ന തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രിമാരുമായി മൂന്ന് റെയില്‍വേ ബജറ്റുകളില്‍ പ്രഖ്യാപിച്ചത് 33 തുരന്തോ എക്‌സ്പ്രസ്സുകളാണ്. എന്നാല്‍, പിന്നീടുള്ള ബജറ്റില്‍ തുരന്തോ അപ്രത്യക്ഷമാവുകയും ചെയ്തു. ഇടയ്ക്ക് സ്റ്റോപ്പില്ലാത്തതാണ് തുരന്തോ എക്‌സ്പ്രസ്സിനെ യാത്രക്കാരില്‍നിന്ന് അകറ്റിനിര്‍ത്തിയത്. സീസണ്‍ അല്ലാത്ത സമയങ്ങളില്‍ ഭൂരിപക്ഷം തുരന്തോ എക്‌സ്പ്രസ്സുകളും ഓടുന്നത് വിരലിലെണ്ണാവുന്ന യാത്രക്കാരുമായാണ്. ഇതുതന്നെയാണ് കൂടുതല്‍ സ്റ്റോപ്പുകള്‍ അനുവദിച്ചുകൊണ്ട് ഇവയെ സൂപ്പര്‍ഫാസ്റ്റുകളാക്കാന്‍ റെയില്‍വേയെ ചിന്തിപ്പിച്ചതും. 
കഴിഞ്ഞവര്‍ഷം സപ്തംബറിലാണ് ആദ്യമായി തുരന്തോ എക്‌സ്പ്രസ്സിനെ റെയില്‍വേ സൂപ്പര്‍ഫാസ്റ്റ് വണ്ടിയാക്കിമാറ്റുന്നത്. ചാണ്ഡീഗഢ്-അമൃത്‌സര്‍ തുരന്തോവിന് മൊഹാലി, ലുധിയാന, ജലന്തര്‍, ബീസ് എന്നിവിടങ്ങളില്‍ സ്റ്റോപ്പ് നല്‍കി സൂപ്പര്‍ഫാസ്റ്റാക്കിയപ്പോള്‍ യാത്രക്കാരുടെ എണ്ണം ഇരട്ടിയോളം വര്‍ധിച്ചു. ലുധിയാനയിലെയും ജലന്തറിലെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കടുത്ത സമ്മര്‍ദത്തെ തുടര്‍ന്നായിരുന്നു ഈ മാറ്റം. 
അടുത്തിടെ ചെന്നൈയില്‍നിന്ന് കോയമ്പത്തൂരേക്കുള്ള തുരന്തോവിന് സേലം, ഈറോഡ്, തിരുപ്പുര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പ് നല്‍കി ശതാബ്ദി എക്‌സ്പ്രസ്സാക്കിമാറ്റി. ചെന്നൈ-തിരുവനന്തപുരം തുരന്തോവിനും എറണാകുളം, കൊല്ലം എന്നിവിടങ്ങളില്‍ സ്റ്റോപ്പ് അനുവദിച്ചു. ഹൗറ-പുരി, അജ്മീര്‍-നിസാമുദ്ദീന്‍ തുരന്തോ എക്‌സ്പ്രസ്സുകളാണ് ശതാബ്ദിയും ജനശതാബ്ദിയുമാക്കി മാറ്റിയ മറ്റ് വണ്ടികള്‍. ഭാവിയില്‍ മറ്റ് തുരന്തോകളും ഇതേവഴി പിന്തുടരാനാണ് സാധ്യതയെന്നും റെയില്‍വേ അധികാരികള്‍ ചൂണ്ടിക്കാട്ടുന്നു.
(സി.കെ. സന്തോഷ്‌, Mathrubhumi dt 12-12-2013)
(Malayala Manorama Kozhikode dt 16-12-2013)
(Malayala Manorama dt 17-12-2013)
(Mathrubhumi dt 17-12-2013)
(Madhyamam dt 17-12-2013)
(Mathrubhumi dt 4-1-2014)

No comments:

Post a Comment